Wednesday, 10 May 2017

X37B ഇവന്‍  വരുന്നതും പോകുന്നതും ഇന്നും ആർക്കുമറിയില്ല

അമേരിക്കൻ വ്യോമ സേനയുടെ മിക്ക നീക്കങ്ങളും നിഗൂഢവും രഹസ്യവുമായിരിക്കും. യുഎസ് വ്യോമസേനക്ക് ബഹിരാകാശത്ത് വരെ വൻ സാന്നിധ്യമുണ്ടെന്നത് രഹസ്യമായ പരസ്യമാണ്. ഇതിലൊന്നാണ് എക്സ്–37ബി എന്ന രഹസ്യ ബഹിരാകാശ പേടകം. സമാനമായ പേടകങ്ങൾ ബഹിരാകാശത്തു നിന്നു വരുന്നതും അവിടേക്ക് പോകുന്നതും കാണാം. എന്നാൽ ഈ പേടകത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങളൊന്നും ഇന്നും ആർക്കുമറിയില്ല.
ഈ പേടകം എല്ലാ റെക്കോർഡുകളും തകർത്ത് കഴിഞ്ഞ ദിവസം ഭൂമിയിൽ ഇറങ്ങി. 718 ദിവസം ബഹിരാകാശത്ത് ചെലവിട്ടാണ് പേടകം ഫ്ലോറിഡയിൽ വിജയകരമായി ലാൻഡ് ചെയ്തത്. ഭ്രമണപഥത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവിട്ട ബഹിരാകാശ വിമാനം എന്ന റെക്കോർഡ് നേരത്തെ മറികടന്നിരുന്നു. നിലവിലെ റെക്കോർഡ് 674 ദിവസമായിരുന്നു. മാർച്ച് 25നാണ് ഈ റെക്കോർഡ് തകർത്തത്.
എന്താണ് എക്സ്–37ബി ? 
വർഷങ്ങളായി നമ്മുടെ തലയ്ക്കു മുകളിൽ ആ പേടകം സഞ്ചരിക്കുന്നുണ്ട്. എന്താണതിന്റെ ലക്ഷ്യം? ചാര ഉപഗ്രഹങ്ങളെ തകർക്കുകയോ? ബഹിരാകാശത്തു നിന്ന് ശത്രുരാജ്യത്തേക്കുള്ള നിരീക്ഷണമാണോ? അതോ പുത്തൻ ആയുധപരീക്ഷണമോ? ആർക്കും അറിയില്ല. കാരണം അത്രമാത്രം രഹസ്യാത്മകമായിട്ടാണ് എക്സ്-37 ബി എന്ന ആ ബഹിരാകാശ വിമാനത്തെ അമേരിക്ക വിന്യസിച്ചിരുന്നത്.  
ബഹിരാകാശത്തെ വിവിധ പരീക്ഷണങ്ങൾക്കുള്ള ‘ഓർബിറ്റർ ടെസ്റ്റ് വെഹിക്കിൾ’ എന്ന നിലയിൽ 1999ലാണ് എക്സ് 37 എന്ന പദ്ധതി നാസ ആരംഭിക്കുന്നത്. സ്പേസ് ഡ്രോൺ എന്നും ഈ വെഹിക്കിൾ അറിയപ്പെടുന്നു. അഞ്ചു വർഷത്തിനു ശേഷം പദ്ധതി യുഎസ് പ്രതിരോധ വകുപ്പിനു കൈമാറി. പക്ഷേ സാങ്കേതിക സഹായം നാസയുടേതാണിപ്പോഴും. എക്സ്-37 പദ്ധതി പ്രകാരം ഇതുവരെ നാലു സ്പേസ് ഡ്രോണുകൾ വിജയകരമായി വിക്ഷേപിച്ച് തിരിച്ചെത്തിച്ചു. റോക്കറ്റിലേറി വിക്ഷേപണവും തിരികെ വിമാനത്തിന്റേതിനു സമാനമായ ‘ലാൻഡിങ്ങു’മാണ് ഈ പേടകങ്ങളുടെ പ്രത്യേകത. കാഴ്ചയിൽ നാസയുടെ സ്പേസ് ഷട്ടിലിനെപ്പോലെയിരിക്കുമെങ്കിലും വളരെ ചെറുതാണിവ. അതിനാൽത്തന്നെ മനുഷ്യനെ വഹിച്ചുള്ള യാത്രയും സാധ്യമല്ല.


എക്സ്-37 സീരീസിൽപ്പെട്ട നാലാമത്തെ പേടകമാണ് ബഹിരാകാശ വാസം കഴിഞ്ഞ് തിരിച്ചെത്തിയിരിക്കുന്നത്. 29 അടിയാണ് നീളം, വീതി ഒൻപതര അടിയും. 4990 കിലോഗ്രാമാണ് ഭാരം. ഈ സ്പേസ് ഡ്രോണിന്റെ രൂപരേഖ നാസ ലഭ്യമാക്കിയിട്ടുണ്ട്. പക്ഷേ അകത്തുള്ള ഒരു കണ്ടെയ്നറിനോളം പോന്ന രഹസ്യ അറയെക്കുറിച്ചു മാത്രം വിവരമില്ല- Experiment bay എന്നു മാത്രമേയുള്ളൂ അതിനെക്കുറിച്ചു നൽകിയിരിക്കുന്ന വിവരം. 2015 മേയ് 20നാണ് യുഎസ് എയർഫോഴ്സിന്റെ പരീക്ഷണപദ്ധതിയായി എക്സ്-37 ബിയെ ബഹിരാകാശത്തേക്കയച്ചത്.  
ബോയിങ് കമ്പനി ആണ് എക്സ്-37ബിയുടെ നിർമാണം. ഭൂമിയിൽ നിന്ന് 177 മുതൽ 800 കിലോമീറ്റർ വരെ മാത്രം ഉയരത്തിലായിരുന്നു ഈ സ്പേസ് ഡ്രോണിന്റെ ഭ്രമണം. ഒട്ടേറെ രാജ്യങ്ങളുടെ കൂട്ടായ്മയിലുണ്ടായ രാജ്യാന്തര ബഹിരാകാശ നിലയമാകട്ടെ (ഐഎസ്എസ്) 350 കിലോമീറ്റർ ഉയരത്തിലുമാണ്. ഐഎസ്എസിലെ സകലവിവരങ്ങളും ലോകത്തിനു മുന്നിൽ വ്യക്തമാണെങ്കിലും എക്സ്-37 ബിയിലേക്കു മാത്രം അമേരിക്ക ആരെയും അടുപ്പിക്കുന്നില്ല. ‘ബഹിരാകാശ യുദ്ധ’ത്തിൽ അമേരിക്കയുടെ പ്രധാന എതിരാളിയായ ചൈനയ്ക്കു പോലും പിടിച്ചെടുക്കാനായിട്ടില്ല ഭൂമിയെ ചുറ്റുന്ന ഈ പേടകത്തിനകത്തെ രഹസ്യം എന്നു പറയുമ്പോഴാണ് ആ ‘സീക്രട്ടി’നെക്കുറിച്ചുള്ള സംശയങ്ങളേറുന്നത്.  
ചാരപ്രവർത്തനത്തിനുപയോഗിക്കുന്ന ഡ്രോണാണ് ഇതെന്നാണ് പ്രധാന സംശയം. ലോകം മുഴുവൻ നിരീക്ഷിക്കാനുള്ള അമേരിക്കൻ വഴികൾ കുപ്രസിദ്ധമാണെന്നതിനാൽ ഈ സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളും ഒട്ടേറെ. ബഹിരാകാശത്തു നിന്നു വിക്ഷേപിക്കാവുന്ന ബോംബുകളെപ്പറ്റിയുള്ള പരീക്ഷണമാണ് എക്സ്-37ബിയിൽ നടക്കുന്നതെന്നാണ് മറ്റൊരു തിയറി. പക്ഷേ ഇത് വെറുമൊരു ആരോപണം മാത്രമായിട്ടാണ് ശാസ്ത്രലോകം പോലും കരുതുന്നത്. ബഹിരാകാശത്തെ മറ്റ് കൃത്രിമ ഉപഗ്രഹങ്ങളെ നശിപ്പിക്കാനായുള്ള വഴിയായും ചിലരിതിനെ കണക്കാക്കുന്നുണ്ട്. പക്ഷേ അക്കാര്യം കൃത്യമായി ‘ട്രാക്ക്’ ചെയ്യാമെന്നതിനാൽ ആ വാദത്തിനും വലിയ കഴമ്പില്ല. ഈ സ്പേസ് ഡ്രോണിനകത്ത് ഒരു സ്പൈ സാറ്റലൈറ്റാണെന്ന വാദവും ശക്തമാണ്. കാരണം വിവിധ രാജ്യങ്ങളെ ഏറ്റവും കൃത്യമായി നിരീക്ഷിക്കാൻ നിലവിൽ വിന്യസിച്ചിരിക്കുന്ന സാറ്റലൈറ്റുകളുടെ അതേ ഭ്രമണപഥത്തിലാണ് എക്സ്-37ബിയുടെ സ്ഥാനം.  
ബഹിരാകാശത്തെ ‘അതിരു’വിട്ടുള്ള യാത്രയിൽ സാറ്റലൈറ്റുകൾക്ക് പരിമിതികളേറെയുണ്ട്. സ്പേസ് ഡ്രോണിനകത്ത് സാറ്റലൈറ്റ് ഒളിപ്പിച്ചു വിക്ഷേപിച്ചാൽ ആ പ്രശ്നം മറികടക്കാനാകും. അതിനു പക്ഷേ എത്രകാലം ബഹിരാകാശത്ത് തുടരാനാകും എന്നതാണറിയേണ്ടത്. ഈ Durability Test ആണ് നിലവിൽ നടക്കുന്നതെന്ന വാദവുമുണ്ട്. അതേസമയം പുതിയ പ്രൊപ്പൽഷൻ സംവിധാനങ്ങൾ പരീക്ഷിക്കുകയാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്നാണ് നാസയും യുഎസ് എയർഫോഴ്സും പലപ്പോഴായി നൽകിയിരിക്കുന്ന സൂചനകൾ. നിലവിൽ ‘ലൈറ്റ്സെയില്‍’ എന്ന സാങ്കേതികവിദ്യയാണ് എക്സ്-37 പേടകങ്ങളിൽ ഉപയോഗിക്കുന്നത്. സൂര്യനിൽ നിന്നുള്ള ഫോട്ടോണുകളുടെ മർദം ഉപയോഗപ്പെടുത്തിയാണ് ഈ സാങ്കേതികവിദ്യ പ്രകാരം സ്പേസ് ഡ്രോണ്‍ പ്രവർത്തിച്ചിരുന്നത്.  

ഇതുവരെ അയച്ചതിൽ കൂടുതൽ കാലം ബഹിരാകാശത്തു നിന്ന മറ്റൊരു പേടകം എക്സ്-37ന്റെ മൂന്നാം ദൗത്യമായിരുന്നു. യുഎസ്എ-240 എന്നു പേരിട്ട പദ്ധതിയിലെ പേടകം 2012 ഡിസംബർ 11ന് വിക്ഷേപിച്ച് 2014 ഒക്ടോബർ 17നു തിരിച്ചെത്തി- ആകെ 674 ദിവസങ്ങൾ. എക്സ്-37 ബി ഡ്രോൺ അതിനേക്കാളുമേറെ നാൾ നിലനിന്നു, 718 ദിവസങ്ങൾ. അതോടൊപ്പം തന്നെ നാസ പറയുന്നുണ്ട്- യുഎസിന്റെ ‘ദി എയർഫോഴ്സ് റാപിഡ് കേപബിലിറ്റീസ് ഓഫിസി’ന്റെ ചില advance materials ഉം ഡ്രോണിലുണ്ടെന്ന്. അതെന്താണെന്നു മാത്രം പക്ഷേ ചോദിക്കരുത്. മുൻപത്തെ മൂന്ന് ദൗത്യങ്ങളും പോലെ എക്സ്-37ബിയും ഭൂമിയിലേക്ക് ലാൻഡ് ചെയ്തിരിക്കുന്നു, ഒട്ടേറെ ബഹിരാകാശ രഹസ്യങ്ങളുമായിട്ടായി.

കടപ്പാട്: മനോരമ


Thursday, 4 May 2017

പത്ത് ദിവസത്തിനുള്ളില്‍ 20 ലക്ഷം രൂപ; ആറുമാസം പ്രായമുള്ള കുഞ്ഞു ഹംദാന്റെ ജീവന്‍ രക്ഷിക്കാന്‍ കൈകോര്‍ക്കാം

കോഴിക്കോട്: കരള്‍ പകുത്തു നല്‍കാന്‍ പിതാവുണ്ടെങ്കിലും ശസ്ത്രക്രിയക്ക് ആവശ്യമായ പണമില്ല. ആറ് മാസം പ്രായമുള്ള ഹംദാന് വേണ്ടി സുമനസുകള്‍ കൈകോര്‍ത്തേ മതിയാകൂ. പത്ത് ദിവസമാണ് ഹംദാന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന സമയ പരിധി. ഈ പത്ത് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയക്കുള്ള ഇരുപത് ലക്ഷം രൂപ കണ്ടെത്തണം. മകന്റെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കണമെന്നാണ് കോഴിക്കോട് സ്വദേശിയയ ഹംദാന്റെ പിതാവ് അഷ്റഫിന്റെയും മാതാവ് സുമൈറയുടേയും അഭ്യര്‍ത്ഥന. ഗുരുതര കരള്‍രോഗമാണ് ഹംദാന്. ഹൈദരാബാദില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ പിതാവ് അഷ്‌റഫിന് പത്ത് ദിവസംകൊണ്ട് 20 ലക്ഷം രൂപ കണ്ടെത്തുന്നതിന് പരിമിതികളേറെയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അമ്മ സുമൈറയും നിസ്സഹായയാണ്.ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഹംദാന് എട്ട് കിലോയോളം ഭാരം വേണമെന്നാണ് ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദ്ദേശിച്ചത്. എന്നാല്‍ രോഗം കടുത്തതോടെ ഹംദാന്റെ ആരോഗ്യം മോശമായി. ഇതിനിടെ ചെന്നെയിലെ ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ റീല ഹംദാന്റെ ശസ്ത്രക്രിയ നടത്താമെന്ന് പറഞ്ഞു. നിലവില്‍ ഹംദാന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.


 ഓക്‌സിജന്‍ ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.കുഞ്ഞു ഹംദാന്റെ ചികിത്സയ്ക്കായി ഇതിനോടകം അഞ്ച് ലക്ഷം രൂപ ചെലവായി. പത്ത് ദിവസത്തിനുള്ളില്‍ 20 ലക്ഷം രൂപ എന്നത് വെല്ലുവിളിയാണ്. അഷ്റഫിന്റെ നാട്ടിലുള്ള സുഹൃത്തുക്കളും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ സുഹൃത്തുക്കളും ഉള്‍പ്പെടെ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഹംദാനെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ മുഹമ്മദ് അഷ്‌റഫ്, എസ്ബിടി കൊയിലാണ്ടി 67067262327, (IFSC-SBTR0000684) എന്ന അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കേണ്ടതാണ്.

@reporterLive

Wednesday, 3 May 2017

രക്ഷിതാക്കളേ…കുട്ടികളെ ശ്രദ്ധിക്കൂ .. ഭീകരതയുടെ ബ്ലൂ വെയില്‍ ഗെയിംഈ ഗെയിം കളിക്കുന്നയാള്‍ കളിതീരുന്നതിന് മുമ്പ് ആത്മഹത്യ ചെയ്തിരിക്കും


രക്ഷിതാക്കളെ ഭീതിയിലാഴ്ത്തി ബ്ലൂ വെയില്‍! ഈ ഗെയിം കളിക്കുന്നയാള്‍ കളിതീരുന്നതിന് മുമ്പ് ആത്മഹത്യ ചെയ്തിരിക്കും; സൂയിസൈഡ് ഗെയിമിനെക്കുറിച്ച് കടുത്ത ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് കുട്ടികള്‍ എന്ന പോലെ തന്നെ കൗമാരക്കാരും, യുവാക്കളും അടിമപ്പെടുന്ന സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. നിരവധി ഗെയിമുകള്‍ സമയം കൊല്ലിയായി പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും മനുഷ്യനെ കൊല്ലുന്ന ഓണ്‍ലൈന്‍ ഗെയിമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ബ്ലൂ വെയില്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ച്കൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്. ഒരു വട്ടം ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത ബ്ലൂ വെയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. യുഎഇയിലും, ബ്രിട്ടനിലെ ചില സ്‌കൂളുകളിലും ഗെയിം ഉപയോഗിക്കുന്നതില്‍ നിന്നും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.പ്രേതങ്ങളുമായി സംസാരിക്കാന്‍ സാധിക്കുമെന്ന് അവകാശവാദങ്ങളുയര്‍ത്തി 2015ല്‍ പുറത്തിറങ്ങിയ ചാര്‍ലി ചാര്‍ലി എന്ന ഗെയിമും കളിക്കാരെ ജീവന്‍ വെച്ച് കളിക്കാനാണ് വെല്ലുവിളിച്ചിരുന്നത്. ബ്ലൂ വെയില്‍ എന്ന ഈ ഗെയിം ഇതിനകംതന്നെ ലോകമെമ്പാടും നൂറുകണക്കിന് കൗമാരക്കാരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതായാണ് റിപ്പോര്‍ട്ട്. റഷ്യയില്‍ തുടങ്ങിയെന്ന കരുതപ്പെടുന്ന ഈ വീഡിയോ ഗെയിം കുട്ടികള്‍ കളിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വിലക്കണമെന്നാണ് വിദേശ രാജ്യങ്ങളില്‍ നല്‍കുന്ന മുന്നറിയിപ്പ്. കളിക്കുന്നയാളിന്റെ മനസിനെ പതുക്കെ പതുക്കെ നിയന്ത്രിച്ച് അവസാനം ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്ന ഒരു മൈന്‍ഡ് മാനിപ്പുലേറ്റിംഗ് ഗെയിമാണ് ബ്ലൂ വെയില്‍. ഒരിക്കല്‍ ഗെയിം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീട് ഇതില്‍ നിന്നും പുറത്ത് പോകാനാകില്ല.

മാനസിക നില തെറ്റിയ ഒരു കൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു വ്യക്തി ആയിരിക്കണം ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റഷ്യയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ് കഴിഞ്ഞ ദിവസം ബ്ലൂ വെയിലിനെതിരെ ഒരു സന്ദേശം പുറത്തിറക്കിയിരുന്നു. മുന്നൂറോളം നിരപരാധികളുടെ ജീവനെടുത്ത സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ആരും ഇവരുടെ ചതിയില്‍ വീഴരുതെന്നും അനോണിമസ് മുന്നറിയിപ്പു നല്‍കുന്നു. ഇതൊരു ക്രിമിനല്‍ കുറ്റമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു. ഇതിന് വേണ്ടി ഓപ്പറേഷന്‍ ബ്ലൂ വെയില്‍ എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുമെന്നും അനോണിമസ് അറിയിച്ചിട്ടുണ്ട്. 14നും 18നും ഇടയിലുള്ള കൗമാരക്കാരെയാണ് ഇത്തരത്തില്‍ ചതിയില്‍ കുടുക്കുന്നത്. ഇതില്‍ നിന്നും കുട്ടികളെ തടയാന്‍ മാതാപിതാക്കള്‍ തന്നെ രംഗത്തിറങ്ങണമെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്

Credits : Daily Indian HeralD


Friday, 28 April 2017

ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

ബാങ്ക് ഇടപാടുകൾ ഓൺലൈനിലൂടെയും മൊബൈലിലൂടെയുമൊക്കെ ചെയ്യുന്നവരെ ആശങ്കയിലാഴ്ത്തി ഓൺലൈൻ ബാങ്ക് തട്ടിപ്പുകൾ വ്യാപകമാകുന്നു. ജാഗ്രത പുലർത്തിയില്ലെങ്കിൽ ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്ന പണമത്രയും മിനിറ്റുകൾക്കുള്ളിൽ കൊള്ളയടിക്കപ്പെട്ടേക്കാമെന്നതാണ് അവസ്ഥ. ജില്ലയിൽ മാത്രം കഴിഞ്ഞ ഒരു വർഷത്തിനിടെ എൺപതോളം ഓൺലൈൻ തട്ടിപ്പുകളാണു നടന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മൂവാറ്റുപുഴയിലും ആലുവയിലുമായി മൂന്ന് ഓൺലൈൻ തട്ടിപ്പിലൂടെ ഒരു ലക്ഷത്തോളം രൂപയാണു നഷ്ടമായത്. മൂവാറ്റുപുഴയിൽ നജ്ന എന്ന യുവതിയുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടിൽ നിന്നു 45000 രൂപ നഷ്ടമായി. തൊട്ടടുത്ത ദിവസം എസ്എംഎസിനൊപ്പം അയച്ച ഇന്റർനെറ്റ് ലിങ്കിലൂടെ വിവരങ്ങൾ ചോർത്തി വ്യാപാരിയുടെ പതിനായിരത്തോളം രൂപ തട്ടിയെടുത്തു. ഇതിനു പിന്നാലെയാണ് ആലുവ സ്വദേശിയായ അധ്യാപകന്റെ 47000 രൂപ കവർന്നത്.

കഴിഞ്ഞ വർഷവും മൂവാറ്റുപുഴയിലും ആലുവയിലും ഇത്തരത്തിൽ തട്ടിപ്പുകൾ നടന്നിരുന്നു. ആലുവ സ്വദേശി നവാസിന്റെ 40,333 രൂപയാണ് കഴിഞ്ഞ വർഷം നഷ്ടപ്പെട്ടത്. എസ്ബിടി ആലുവ തോട്ടക്കാട്ടുകര ശാഖയിലായിരുന്നു അനസിന്റെ അക്കൗണ്ട്. പണം പിൻവലിച്ചതായി മൊബൈൽ ഫോണിൽ സന്ദേശം എത്തിയപ്പോഴാണു തട്ടിപ്പു പുറത്തറിഞ്ഞത്. പ്രാഥമിക അന്വഷണത്തിൽ അമേരിക്കയിൽ നിന്നാണു പണം പിൻവലിച്ചതെന്നു മനസ്സിലായി. സിറ്റി ബാങ്കിന്റെ എടിഎം വഴിയാണു പണം നഷ്ടപ്പെട്ടതെന്നും കണ്ടെത്തി.

എന്നാൽ തുടരന്വേഷണം ഉണ്ടായില്ല. ഒറ്റ സ്വൈപ്പിലൂടെ എടിഎം കാർഡിലെ വിവരങ്ങൾ ചോർത്താനും ഈ വിവരങ്ങൾ ഉപയോഗിച്ച് എടിഎം കാർഡുണ്ടാക്കാനും കഴിയുന്ന സംവിധാനങ്ങളുമായി അ‍ഞ്ചംഗ സംഘം മൂവാറ്റുപുഴയിൽ പിടിയിലായതു കഴിഞ്ഞ വർഷമാണ്. വാളകം സ്വദേശിയുടെ ഒന്നര ലക്ഷം ഓൺലൈനിലൂടെ തട്ടിയെടുത്തതിനെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. അഞ്ചര ലക്ഷം രൂപയോളമാണു ചൈനീസ് നിർമിത ഉപകരണങ്ങളിലൂടെ ഇവർ തട്ടിയെടുത്തത്.

കാർഡിന്റെ കാലാവധി തീർന്നുവെന്നും പുതിയതു നൽകാൻ ബാങ്ക് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു വിളിച്ച യുവതിക്ക് എല്ലാ വിവരങ്ങളും കൈമാറിയ വാളകത്തെ കുന്നയ്‌ക്കാൽ തൊണ്ടുകുഴിയിൽ ടി.ഒ. ബേബി, ഭാര്യ ഷേർളി ബേബി എന്നിവരുടെ അക്കൗണ്ടിൽ നിന്ന്‌ 46520 രൂപയാണ് ഓൺലൈനിലൂടെ തട്ടിയെടുത്തത്. ഇവയിലൊന്നും അന്വേഷണം നടക്കുകയോ തട്ടിപ്പുകാരെ കണ്ടെത്തുകയോ ചെയ്തിട്ടില്ലെന്നതാണ് ഏറെ ഗൗരവതരം. ‍

അശ്രദ്ധ മുതലെടുക്കപ്പെടാം,ഇവ വീണ്ടും വീണ്ടും ശ്രദ്ധിക്കാം
∙ ഉപയോക്താക്കളുടെ അശ്രദ്ധ തട്ടിപ്പുകാര്‍ക്കു വളം
∙ ഫോണിലോ  ഓൺലൈനിലോ ബാങ്ക് ബന്ധപ്പെടാറില്ല
∙ എടിഎം കാർഡ് നമ്പറോ പിൻ നമ്പറോ വെളിപ്പെടുത്തരുത്
∙ പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റുക

∙ ഷോപ്പിങ്ങിനായി സ്വൈപ് ചെയ്യുമ്പോള്‍ പിന്‍ പറഞ്ഞുകൊടുക്കരുത്
∙ സിവിവി നമ്പര്‍ ആരു ചോദിച്ചാലും വെളിപ്പെടുത്തരുത്
∙ സംശയം തോന്നിയാൽ ഉടൻ ബാങ്കുമായി ബന്ധപ്പെടുക
∙ എടിഎം വഴി പണം പിൻവലിക്കുമ്പോൾ മെസേജ് ഉറപ്പാക്കുക
∙ പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കിനെ വിവരം അറിയിക്കുക

∙ പൊലീസിലും  പരാതി നൽകാൻ മറക്കാതിരിക്കുക
∙ എടിഎം കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ ബ്ലോക്ക് ചെയ്യണം
∙ റജിസ്റ്റേഡ് നമ്പറില്‍ നിന്ന് എസ്എംഎസ് അയച്ചു ബ്ലോക്ക് ചെയ്യാം
∙ അക്കൗണ്ടുള്ള ബ്രാഞ്ചില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക

കടപ്പാട്:മനോരമ


Tuesday, 18 April 2017

വിജയ്‌ മല്ല്യ അറസ്റ്റില്‍ !!

ലണ്ടന്‍: ഇന്ത്യന്‍ മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലായി. ഇന്ത്യയിലെ വിവിധ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഒമ്പതിനായിരം കോടിയിലേറെ രൂപ വായ്പ എടുത്തശേഷം മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. ഈ കേസിലാണ് മല്യ ആറസ്റ്റിലായിരിക്കുന്നത്.
അറസ്റ്റ് ചെയ്ത മല്യയെ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറും. സ്‌കോട്ട്‌ലന്റ് യാഡാണ് ലണ്ടനില്‍ വെച്ച് മല്യയെ കസ്റ്റഡിയില്‍ എടുത്തത്. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിയില്‍ മല്യയെ അല്‍പ്പസമയത്തിനകം ഹാജരാക്കും.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ സംഭവത്തില്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം മല്യയ്ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിരിക്കുകയാണ്.
ബാങ്കുകളുടെ കിട്ടാക്കടം വീണ്ടെടുക്കുന്നതിന് മല്യയുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ലേലം ചെയ്യുകയാണ്. അടുത്തിടെ വിജയ് മല്യയുടെ വില്ല ഹിന്ദി നടന്‍ സച്ചിന്‍ ജോഷി സ്വന്തമാക്കിയിരുന്നു.ഡ്രാക്കുളയുടെ നാട്ടിലെ പ്രേതവനം

വർഷങ്ങൾക്കു മുൻപാണ്; തന്റെ ആട്ടിൻപറ്റങ്ങളുമായി ആ ഇടയൻ റുമേനിയയിലെ ഒരു കാട്ടിലേക്കു കയറിപ്പോയി. അദ്ദേഹത്തെ പിന്നെ ആരും കണ്ടിട്ടില്ല. അദ്ദേഹം മാത്രമല്ല, ഒപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ ആടുകളെയും! ഇതൊരു കഥയാണ്. ഡ്രാക്കുള പ്രഭുവിന്റെ പേരിനാൽ ശ്രദ്ധേയമായ ട്രാൻസിൽവാനിയയുടെ ഹൃദയഭാഗത്തുള്ള ഒരു വനത്തെപ്പറ്റി അവിടുത്തുകാർ പറഞ്ഞുപരത്തുന്ന കഥ. ആ വനത്തിനു പക്ഷേ പഴയ ആട്ടിടയന്റെ പേരാണിട്ടിരിക്കുന്നത്–ഹൊയ്‌യ ബസിയു. ട്രാൻസിൽവാനിയയ്ക്കടുത്തുള്ള ക്ലൂഷ്–നാപോക്ക നഗരത്തിന് അതിരിട്ടു നിലകൊള്ളുന്ന ഈ കാട് ഇന്ന് പ്രേതബാധയുടെ പേരിൽ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ്. വെറുതെ പറയുന്നതല്ല, അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും ഉൾപ്പെടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഈ വനത്തിന്റെ ദുരൂഹസ്വഭാവം.
മിലിറ്ററി ടെക്നിഷ്യനായ എമിൽ ബാർണിയ 1968 ഓഗസ്റ്റ് 18ന് പകർത്തിയ ഒരു ചിത്രത്തോടെയായിരുന്നു ലോകം ഹൊയ്‌യ ബസിയു കാടുകളെ ശ്രദ്ധിക്കുന്നത്. മരത്തലപ്പുകൾക്കു മുകളിലൂടെ തളികരൂപത്തിൽ എന്തോ ഒന്നു സഞ്ചരിക്കുന്നതിന്റെ ഫോട്ടോയായിരുന്നു അത്. പിന്നീട് പലരും ഇത്തരത്തിൽ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയിൽ അസാധാരണമായ വെളിച്ചങ്ങളും കാടിനു മുകളിൽ കണ്ടു. 1960കളിൽതന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകൻ കാട്ടിലെ വെളിച്ചത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഇതുവഴി ഒട്ടേറെ ഫോട്ടോകളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ൽ അദ്ദേഹം അന്തരിച്ച് ദിവസങ്ങൾക്കകം ദുരൂഹസാഹചര്യത്തിൽ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായി! 

ലോകത്ത് ഏറ്റവുമധികം പറക്കുംതളികകൾ കണ്ട സ്ഥലങ്ങളിലൊന്ന് എന്നതിനൊപ്പം തന്നെ കാടിനെക്കുറിച്ച് പ്രദേശവാസികൾക്ക് പറയാനുള്ളത് ഭയാനകങ്ങളായ കഥകളാണ്. ആട്ടിടയന്റെ കഥയ്ക്ക് ശേഷം വനം അറിയപ്പെടുന്നത് ‘റുമേനിയയുടെ ബർമുഡ ട്രയാംഗിൾ’ എന്നാണ്. കാട്ടിലേക്ക് കയറിപ്പോയ ഒട്ടേറെപ്പേരെ കാണാതായതും ഇതിന് ആക്കം കൂട്ടി. രാത്രികാലങ്ങളിൽ വെളിച്ചത്തിന്റെ ‘ഗോളങ്ങൾ’ കാടിനകത്തു നിറയെ കാണാമെന്ന് പ്രദേശവാസികൾ പറയുന്നു. മാത്രവുമല്ല സ്ത്രീകളുടെ അലറിക്കരച്ചിലുകളും പിന്നെ അടക്കിപ്പിടിച്ചതുപോലുള്ള സംസാരവുമെല്ലാം ഇവിടെനിന്നുയരാറുണ്ട്. കാടിന് സമീപത്തു കൂടെ പോകുന്നവർക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്–നാപോക്കയിൽ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കൾ കാലങ്ങളായി വനത്തിലെ മരങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.  

ധൈര്യം സംഭവിച്ച് കാട്ടിലേക്ക് കയറിയവർക്കും പണി കിട്ടിയിട്ടുണ്ട്– ദേഹമാകെ ചൊറിച്ചിൽ, ആരോ ആക്രമിച്ചതു പോലെ മുറിവുകൾ, തൊലിപ്പുറത്ത് പൊള്ളലേൽക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോൾ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ; ചിലർക്കെല്ലാം തലചുറ്റലും ഛർദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്നം. കാട്ടിലേക്ക് കയറിയവർക്ക് തിരികെയിറങ്ങുമ്പോൾ അവർക്ക് അത്രയും നേരം ഹൊയ്‌യ ബസിയുവിൽ എന്തു ചെയ്തെന്ന് ഓർമയുണ്ടാകില്ലെന്നും ചിലർ പറയുന്നു. ഇതിന് ബലം പകരുന്ന ഒരു കഥയുമുണ്ട്– അഞ്ചുവയസ്സുകാരിയായ പെൺകുട്ടി ഒരിക്കൽ ഈ കാട്ടിൽ അകപ്പെട്ടു. പിന്നീടവളെ കാണുന്നത് അഞ്ചു വർഷങ്ങൾക്കു ശേഷമാണ്. പക്ഷേ അപ്പോഴും ആ കാട്ടിനകത്തു വച്ച് തനിക്കെന്താണു സംഭവിച്ചതെന്ന് അവൾക്ക് ഓർമയുണ്ടായിരുന്നില്ല. മാത്രവുമല്ല അഞ്ചു വർഷം മുൻപ് ധരിച്ച അതേ വസ്ത്രത്തിന് യാതൊരു കേടുപാടുകളുമുണ്ടായിരുന്നില്ല! 
ഇത് ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള കഥയായിട്ടാണ് പലരും പ്രചരിപ്പിക്കുന്നത്. അതായത് പ്രദേശത്ത് ടൂറിസം വ്യവസായവും കൊഴുക്കുന്നുണ്ടെന്നർഥം. ഹൊയ്‌യ ബസിയു കാടിന്റെ മധ്യഭാഗത്തായുള്ള ഒരു പുൽപ്രദേശമാണ് ടൂറിസ്റ്റുകളുടെ ലക്ഷ്യം. കാട്ടിനകത്ത് അസാധാരണമായ ആകൃതിയിൽ വളരുന്ന മരങ്ങളാണേറെയും. ചിലതിന്റെ ശാഖകൾ കരിഞ്ഞിരിക്കുന്നതും കാണാം. പല മരങ്ങളിലും മനുഷ്യരുടെ തലകൾ കണ്ട കഥകളുമുണ്ട്. പ്രേതകഥകളിൽ മാത്രം കേട്ടിട്ടുള്ള തരം കൂറ്റൻ െചന്നായ്ക്കളെ ഉൾപ്പെടെ ഇന്നേവരെ കാണാത്ത തരം മൃഗങ്ങളെ കണ്ടതായും പല ട്രക്കിങ് സംഘങ്ങളും പറഞ്ഞിട്ടുണ്ട്. വനത്തിനു നടുവിൽ വൃത്താകൃതിയിൽ കാണപ്പെടുന്ന പുൽപ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. Poiana Rotund എന്നറിയപ്പെടുന്ന ഈ പ്രദേശം കാണാനാണ് ‘ധൈര്യശാലികളായ’ ടൂറിസ്റ്റുകളുടെ വരവ്. 
യാതൊന്നും വളർന്നു ‘വലുതാകില്ല’ എന്നതാണ് ഈ വൃത്താകൃതിയിലുള്ള പ്രദേശത്തിന്റെ പ്രത്യേകത.  എങ്കിലും പ്രദേശം നിറയെ പുല്ല് വളരുന്നുണ്ട്. നിശ്ചിത ഉയരത്തിലേക്ക് വളരില്ലെന്നു മാത്രം. പറക്കുംതളികകൾ ഇറങ്ങുന്ന സ്ഥലമാണിതെന്നാണ് ഒരു നിഗമനം. മറ്റൊരു കൂട്ടർ പറയുന്നത് കാട്ടിലെ ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താൻ കുടികൊള്ളുന്നത് ആ പ്രദേശത്താണെന്നും. ട്രാവൽ ചാനലിന്റെ ‘ഗോസ്റ്റ് അഡ്വഞ്ചേഴ്സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്.അതുവരെ കഥയെന്നു കരുതിയിരുന്ന പല കാര്യങ്ങളിലും നേരിയ സത്യമുണ്ടെന്ന് മനസിലായതും ആ പ്രോഗ്രാമോടു കൂടിയാണ്. കാടിന്നകത്തെ അസാധാരണ കാഴ്ചകളും താപവ്യതിയാനവും വെളിച്ചവുമെല്ലാം ചിത്രീകരണ സംഘം പകർത്തി. പക്ഷേ ഇവയുടെ ശാസ്ത്രീയ വിശദീകരണം മാത്രം ഇന്നും ആർക്കും നൽകാനായിട്ടില്ല. അത്രയേറെ പഠനങ്ങളും പ്രദേശത്ത് നടത്തിയിട്ടുണ്ട്. എന്തായാലും ലോകത്തിനു മുന്നിൽ ഡ്രാക്കുള കോട്ടയെന്ന വിശ്വാസത്തിനൊപ്പം നിഗൂഢത പരത്തി ഇന്നും നിലകൊള്ളുകയാണ് ഹൊയ്‌യ ബസിയു. കടപ്പാട്: മനോരമ


Tuesday, 11 April 2017

പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ സമയക്രമം  ഞായറാഴ്ച പ്രവര്‍ത്തിക്കില്ല

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ക്ക് പുതിയ സമയ ക്രമം നിശ്ചയിച്ച് പമ്പുടമകള്‍ രംഗത്ത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ ആറു വരെയായിരിക്കും പ്രവര്‍ത്തിക്കുക. അതേസമയം ഞായറാഴ്ച പമ്പുകള്‍ പൂര്‍ണമായും അടച്ചിടും. പമ്പുടമകളുടെ സംഘടനയായ ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യത്തിന്റേതാണ് തീരുമാനം. എണ്ണ കമ്പനികളുടെ നിഷേധാത്മക നിലപാടിനെതിരെയും പമ്പ് നടത്തിപ്പിന്റെ ചെലവ് കുറക്കുന്നതിനുമാണ് പുതിയ സമയക്രമീകരണമെന്നാണ് പമ്പുടമകള്‍ പറയുന്നത്. ലാഭവിഹിതം വര്‍ധിപ്പിക്കണമെന്ന് പമ്പുടമകള്‍ നേരത്തെ നിരന്തരമായി ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിക്കാന്‍ പമ്പുടമകള്‍ തയാറായില്ല.പെട്രോള്‍ മന്ത്രാലയം നിയമിച്ച അപൂര്‍വ്വ ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ കിലോ ലിറ്ററിന് 3,333 രൂപയും ഡീസല്‍ കിലോ ലിറ്ററിന് 2126 രൂപയും പമ്പുടമകള്‍ക്ക് നല്‍കണം. എന്നാല്‍ ഇതുവരെയും എണ്ണ കമ്പനികള്‍ ഇത് നല്‍കിയിട്ടില്ലെന്ന് കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ പറഞ്ഞു. നിലവില്‍ പെട്രോളിന് 2570 രൂപയും ഡീസലിന് 1620 രൂപയുമാണ് പമ്പുടമകള്‍ക്ക് നല്‍കി വരുന്നത്. ദക്ഷിണേന്ത്യയില്‍ മാത്രം 25000 പമ്പുകളാണ് കണ്‍സോര്‍ഷ്യത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

കടപ്പാട്:ചന്ദ്രിക 


Friday, 7 April 2017

പട്രോള്‍ -ഡീസല്‍ വില ഇനി ദിവസവും മാറിക്കൊണ്ടിരിക്കും

മുംബൈ : രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഇനി മുതല്‍ ദിനം പ്രതി മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ ഇതിനുള്ള ആലോചനയിലാണെന്ന് ഇതുമായി ബന്ധപ്പെട്ട എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി കമ്പനികള്‍ ചര്‍ച്ച നടത്തിയതായാണ് സൂചന.
അന്താരാഷ്ര്ട തലത്തില്‍ നിലവില്‍ പ്രധാന ആഗോള വിപണികളെല്ലാം തന്നെ എണ്ണവില ദിനം പ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇന്ത്യയിലാകട്ടെ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണവില പരിഷ്‌കരിക്കുന്നത്. എണ്ണ വില ദിനംപ്രതിയാക്കുന്നതോടെ ദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ ഏതാനും പൈസയുടെ വ്യത്യാസമേ വരാനിടയുള്ളൂ. ഇത് ഉപഭോക്താക്കള്‍ക്കും കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് എണ്ണകമ്പനികളുടെയും കണക്കുകൂട്ടല്‍.
രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടാകുമ്പോള്‍ സര്‍ക്കാരിന് നേരെയുണ്ടാകുന്ന പ്രതിഷേധവും, പുതിയ രീതി നടപ്പാകുന്നതോടെ ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.

Wednesday, 5 April 2017

ഇന്റര്‍നെറ്റ് ഇല്ലാതെയും ഇനി ഫോണിലേക്ക് ആരാണ് വിളിക്കുന്നതെന്ന് അറിയാം

ഫോണിലേക്ക് വരുന്ന കോളുകള്‍ തിരിച്ചറിയാൻ നിരവധി ആപ്ലിക്കേഷനുകളുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും ജനപ്രിയമാണ് ട്രൂകോളർ. അറിയാത്ത നമ്പറില്‍ നിന്ന് കോള്‍ വന്നാലുടന്‍ ട്രൂകോളര്‍ ഡാറ്റാബെയ്‌സില്‍ നിന്ന് ആളെ തപ്പിയെടുത്ത് ആരാണെന്ന് പറഞ്ഞുതരും. നിലവിൽ സ്മാർട്ഫോണുകളിൽ ആപ്പ് ‍ഡൗൺലോഡ് ചെയ്യുകയോ അല്ലെങ്കിൽ വെബ്സൈറ്റിലൂടെ മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ. 

എന്നാൽ ഇനി ഇന്റർനെറ്റ് സൗകര്യം ഇല്ലെങ്കിലും കേവലം എസ്എംഎസ് സേവനത്തിലൂടെ ട്രൂകോളർ സേവനം തേടാം. നമ്മുടെ കൈയ്യിലെ സാധാ ഫോണുകളിലും ട്രൂകോളർ ആരാണ് വിളിച്ചതെന്ന് കണ്ടെത്തി അറിയിക്കും പക്ഷേ ഭാരതി എയർടെൽ നെറ്റ്‌വർക്കുകളിൽ മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളൂ. ഇന്ത്യയിൽ മാത്രമാണ് ട്രൂകോളർ ഈ സേവനം നൽകുന്നത്.

ഫ്ളാഷ് മെസേജ് രൂപത്തിലായിരിക്കും വിളിച്ചയാളുടെ വിവിരങ്ങൾ വരിക കാണുക. ഈ മാസം മുതൽ സേവനം ലഭ്യമാകുമെന്ന് ട്രൂകോളർ സിഎസ്ഒയും സഹസ്ഥാപകനുമായ നാമി സാറിംഗലാം പറയുന്നു. പണം കൊടുത്തു ചേരാവന്ന സേവനമായിട്ടായിരിക്കും ഇത് എത്തുകയെന്നും ഇതിന്റെ ചാർജ്ജുകളെപ്പറ്റി കമ്പനി ചർച്ചയിലാണെന്നും വിവിധ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കടപ്പാട് :  മനോരമ

Tuesday, 4 April 2017

വരുന്നു ജിയോ D.T.H
360 ചാനലുകള്‍, 1 ജിബിപിഎസ് ഇന്റര്‍നെറ്റ്; നിരവധി സേവനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് റിലയന്‍സ് ജിയോ ഡിടിഎച്ച് രംഗത്തേക്കും...

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ഡിടിഎച്ച് സേവനങ്ങളുമായി എത്തുന്നുവെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍


ജിയോ സെറ്റ്ടോപ്‌ ബോക്‌സുകള്‍ ഏപ്രിലോടെ വിപണിയില്‍ പുറത്തിറക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ജിയോ സെറ്റ്ടോപ്‌ ബോക്‌സിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനുകളിലൂടെ പുറത്തുവിട്ടിരുന്നു. അതിന് ശേഷമാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ജിയോ ലോഗോയുള്ള നീല ബോക്സോടെയുളള ചിത്രങ്ങളായിരുന്നു പുറത്തുവന്നിരുന്നത്. ഓഡിയോ വീഡിയോ ഔട്ട്പുട്ടിനൊപ്പം, യുഎസ്ബി, സ്റ്റാന്റേര്‍ഡ് കേബിള്‍ കണക്ടര്‍ തുടങ്ങിയവക്ക് വ്യത്യസ്ത പോര്‍ട്ടുകളും പുതിയ ജിയോ സെറ്റോപ്പ് ബോക്‌സിനുണ്ട്. ബ്രോഡ്ബാന്റ് കണക്ഷന് വേണ്ട ഈതെര്‍നെറ്റ് പോര്‍ട്ടും ജിയോ സെറ്റോപ്പ് ബോക്‌സ് നല്‍കുന്നുണ്ട്. മാത്രമല്ല 1 ജിബിപിഎസ് സ്പീഡില്‍ ഇന്റര്‍നെറ്റ് സേവനം അവതരിപ്പിക്കുമെന്നും ജിയോ പ്രഖ്യാപിച്ചു.

360 ചാനലുകളാണ് ഉപഭോക്താക്കള്‍ക്കായി ഓഫര്‍ ചെയ്യുന്നത്. അവയില്‍ തന്നെ 50 ചാനലുകളും എച്ച്ഡി ആയിരിക്കും. മാത്രമല്ല ചാനല്‍ പരിപാടികള്‍ ഏഴ് ദിവസം വരെ സേവ് ചെയ്ത് വെക്കാമെന്നതും ജിയോയുടെ മാത്രം സെപ്ഷ്യല്‍ ഓഫറുകള്‍. സ്വന്തം ശബ്ദം കൊണ്ട് ടിവി റിമോട്ടിനെ നിയന്ത്രിക്കാമെന്നതും ജിയോ സെറ്റോപ്പ് ബോക്‌സിന്റെ പ്രത്യേകതയാണ്. ചാനലിന്റെയോ പരിപാടിയുടെയോ, എന്തിന് അഭിനേതാക്കളുടെ പേര് പറഞ്ഞാല്‍ കണ്‍മുന്നില്‍ നിങ്ങളാഗ്രഹിച്ച പരിപാടി എത്തുമെന്നാണ് ജിയോയുടെ അവകാശവാദം. ഡാറ്റ സേവനം പോലെ കുറഞ്ഞ നിരക്കില്‍ ഡിടിഎച്ച് സേവനങ്ങളും ലഭ്യമാക്കാനാണ് ജിയോ ഉദ്ദേശിച്ചിരിക്കുന്നത്. ഡിടിഎച്ച് സേവനം അടുത്ത മാസം ആദ്യം  രാജ്യത്തെ മെട്രോ നഗരമായ മുംബൈയില്‍ അവതരിപ്പിക്കുമെന്ന് ജിയോ പ്രഖ്യാപിച്ചു.


Sunday, 2 April 2017

ഗൌതമി നായര്‍ വിവാഹിതയായി

സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും നടി ഗൗതമി നായരും വിവാഹിതരായി. ഗൗതമിയുടെ സ്വദേശമായ ആലപ്പുഴയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായിരുന്നു ക്ഷണം.
ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം 'സെക്കന്റ് ഷോ' സംവിധാനം ചെയ്തുകൊണ്ടാണ് ശ്രീനാഥ് രാജേന്ദ്രന്‍ സ്വതന്ത്ര സംവിധായകനായത്. ഗൗതമിയുടെയും അരങ്ങേറ്റ ചിത്രമായിരുന്നു അത്.
മോഹന്‍ലാലും സണ്ണി വെയ്‌നും ഭരത്തുമൊക്കെ കഥാപാത്രങ്ങളായെത്തിയ 'കൂതറ' ആയിരുന്നു ശ്രീനാഥിന്റെ രണ്ടാം ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ലാല്‍ജോസിന്റെ 'ഡയമണ്ട് നെക്‌ലെയ്‌സി'ലാണ് ഗൗതമി നായര്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായെത്തിയത്. കൂതറ, ചാപ്‌റ്റേഴ്‌സ്, ക്യാമ്പസ് ഡയറി എന്നീ സിനിമകളും അവരുടേതായി പുറത്തെത്തിയിട്ടുണ്ട്.